Saturday 4 May 2013

കൈക്കൂലി വിവാദം: ബന്‍സാല്‍ പ്രധാനമന്ത്രിയെ കണ്ടു; രാജിസന്നദ്ധത അറിയിച്ചു

ന്യൂഡല്‍ഹി: തൊണ്ണൂറ് ലക്ഷം രൂപയുമായി അനന്തരവന്‍ കൈക്കൂലി കേസില്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് കേന്ദ്ര റെയില്‍വേ മന്ത്രി പവന്‍കുമാര്‍ ബന്‍സല്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ കണ്ട് രാജിസന്നദ്ധത അറിയിച്ചു. ഉച്ചയോടെ പ്രധാനമന്ത്രിയുടെ വസതിയായ 7 റേസ് കോഴ്‌സിലെത്തിയാണ് ബന്‍സല്‍ രാജി സന്നദ്ധത അറിയിച്ചത്. അതേസമയം വൈകിട്ട് 5.30ന് ചേരുന്ന കോണ്‍ഗ്രസ് കോര്‍ കമ്മിറ്റി യോഗത്തില്‍ ഇതു സംബന്ധിച്ച് തീരുമാനം എടുക്കാമെന്ന നിലപാടാണ് പ്രധാനമന്ത്രി സ്വീകരിച്ചതെന്ന് അറിയുന്നു.

കൈക്കൂലി കേസില്‍ അനന്തരവന്‍ അറസ്റ്റിലായതിന് പിന്നാലെ പ്രതിപക്ഷം ഒന്നടങ്കം ബന്‍സലിന്റെ രാജി ആവശ്യപ്പെട്ട് രംഗത്ത് വന്നിരുന്നു.

മഹേഷ് കുമാര്‍ എന്ന മുതിര്‍ന്ന റെയില്‍വേ ഉദ്യോഗസ്ഥന് പ്രൊമോഷന്‍ നല്‍കാന്‍ 90 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന കേസില്‍ വെള്ളിയാഴ്ചയാണ് ബന്‍സലിന്റെ അനന്തരവന്‍ വിജയ് സിംഗ്‌ളയെ സി.ബി.ഐ അറസ്റ്റു ചെയ്തത്.